Monday, August 23, 2010

മറന്നുവെച്ചത്




















ഐസ് വണ്ടിക്കാരന്റെ
ഒരു ഹോണ്‍ മതി
മൈലാഞ്ചിച്ചെടികളതിരിട്ട 
വഴിയും കാലവും കടന്ന്
സ്കൂള്‍മുറ്റത്തെത്താന്‍.

പാലൈസ് പോലെ 
മോഹിപ്പിച്ചിട്ടുണ്ട്‌
കറുത്തുമെലിഞ്ഞ
കുഴലും ശബ്ദവും.
കള്ളനെപ്പോലെ കൈവിറച്ച് 
എത്രതവണ 
വട്ടമിട്ടിട്ടുണ്ട്
തുടുത്ത മുലയിലൊന്നമര്‍ത്താന്‍.

ചീനിച്ചോട്ടില്‍
മൊട്ടയടിച്ച്‌
ഉറുമാല് കെട്ടി
ഉടലില്ലാതെ നില്‍ക്കുന്നുണ്ടാവും
പഞ്ചാരപ്പാലുമിഠായി.

പത്തുപൈസക്കൊരു താമര
പതിനഞ്ചുപൈസക്കൊരു സൈക്കിള്‍
അല്ലെങ്കിലൊരു മയില്‍
കൊതിവെള്ളമിറക്കി 
അമ്പരന്നിട്ടുണ്ട് 
പാലുമിഠായിക്കാരന്‍
വിരലില്‍ തീര്‍ക്കുന്ന
കൌതുകങ്ങളില്‍ .

കടുംനിറത്തില്‍
ചാലിച്ച ബാല്യത്തില്‍
ഉഷ്ണിച്ചുനടക്കുന്നുണ്ട് 
ഒരു പഞ്ഞിമിഠായിക്കാരന്‍.

വളവുകളില്‍ മറന്നുവെച്ച
പഴയ ചിത്രങ്ങള്‍
കാറ്റെടുത്തിട്ടുണ്ടാവും.

എങ്കിലും 

തോളില്‍ തൂക്കിയിട്ട
കണ്ണാടിപ്പെട്ടിയില്‍
അടുക്കിവെച്ചിട്ടുണ്ടല്ലോ
ഏറെ കൊതിച്ച
മണവും രുചിയും.

Tuesday, August 17, 2010

ചിലപ്പോള്‍ ചിലത്















ചില മണങ്ങള്‍
ഓര്‍മയുടെ
മറുകരയിലെക്കൊഴുകുമ്പോള്‍
ചില പഴയ പാട്ടുകള്‍
കൈപിടിച്ചു
മഴപ്പടവുകളിലേക്ക്
ഇറക്കി നിര്‍ത്തും.

ചില പക്ഷികള്‍
വെയില്‍ തുളച്ചു
നന്മയുടെ ആകാശം തൊടുമ്പോള്‍
ചില വേരുകള്‍
ഭൂമിക്കടിയില്‍
സമാധാനം തിരയും

ചില സ്വപ്നങ്ങള്‍
ഉറക്കം മുറിച്ചെടുക്കുമ്പോള്‍
ചില നേരുകള്‍
കാഴ്ചയ്ക്ക് കുറുകെ
തൂങ്ങിയാടും

പട്ടുപാവാടയണിഞ്ഞു
നിലാവ് മോഹിപ്പിക്കുംപോള്‍
നാലു വരിയെങ്കിലും
മൂളിപ്പോയെന്നിരിക്കും
.
പുഴ, മീനോടൊപ്പം
പലായനം ചെയ്യുമ്പോഴും
വന്മരങ്ങള്‍ വീഴുമ്പോഴും
ഒരു നിലവിളിയെങ്കിലും
കേട്ടെന്നിരിക്കും.

കോമ്പ്രമൈസ്
















മുപ്പത്തി രണ്ടു രൂപയ്ക്കു
പന്ത്രണ്ടുകവിതകള്‍
മുതലാവില്ല മാഷേ
അത് എത്ര വലുത് ആണങ്കിലും
തൂക്കത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ
വണ്ണത്തിന്റെയും.

മുപ്പത്തി രണ്ടു രൂപയ്ക്കു
ഒരു ഊണ് തരാവോ
ഒരു അടി വസ്ത്രം കിട്ടോ
നല്ലൊരു സിനിമ കാണാന്‍ പറ്റോ

എന്നിട്ടും
ഒരു കവിത കൂടി ഞാന്‍ വെക്കുന്നു
നിന്നോടുള്ള അടുപ്പം കൊണ്ട് മാത്രം

എല്ലാവര്ക്കും
എല്ലായിപ്പോഴും
ഇതുപോലെ തരാനാവില്ല
ഒരു കോമ്പ്രമൈസിന് ഞാന്‍ റെഡി
മുതലായിട്ടല്ല
നീ നമ്മുടെ സ്ഥിരം കസ്ടമര്‍ അല്ലേ

പ്രണയത്തെ കുറിച്ച് തന്നെ

















പ്രണയത്തെ കുറിച്ച്
ഒന്നുമുരിയാടാത്തത് കൊണ്ട്
പ്രണയത്തെ കുറിച്ച്
ഒരക്ഷരവും എഴുതാത്തത് കൊണ്ട്
നീ കരുതുന്നത്
എന്‍റെ പ്രണയം വറ്റി പോയന്നാണ്

പ്രണയത്തെ ഒരു വാക്കിലേക്ക്
മുറിച്ചു വെക്കുമ്പോള്‍
ഞെരുങ്ങി പോകുന്നത്
അതിന്റെ വിശാലതയാണ്

നിന്‍റെ ചിരിയിലെ വശ്യതയെ പറ്റി
എനിക്കേറെ പറയാനാവും
കണ്ണിലെ നീല കടലിനെപറ്റി
ഒരു കവിത തന്നെ എഴുതാനാവും

മൌനത്തില്‍ ഞാന്‍ ആണ്ടുപോയത്‌
ആരും ഉപയോഗിക്കാത്ത ഭാഷ
കണ്ടെടുക്കുവാനാണ്

മുറിവില്‍ നിന്ന് വേദനയെ
തഴുകി മാറ്റുന്നത് പോലെ
ജീവനില്‍ നിന്ന് പ്രണയത്തെ
അടര്‍ത്തി എടുക്കനാവുമോ

ഏറെ പ്രിയപെട്ടതും
ഏറ്റവും സുരക്ഷിതവും ആയതുകൊണ്ടുമാണ്
ഞാന്‍ നിന്നെ ഹൃദയത്തില്‍
ചേര്‍ത്ത് വെച്ചിരിക്കുന്നത്

സാക്ഷി
















ഒറ്റ വരിയില്‍
കോര്‍ത്ത്‌ എടുക്കാനാവില്ല
ഊഷ്മളമായ ഓര്‍മകളെ
ഒറ്റ ഫ്രൈമില്‍
ഒതുക്കാനാവില്ല
ഊഷരമായ ഒരു ജീവിതത്തെ

ഒറ്റ വീര്‍പ്പില്‍ 
പറഞ്ഞു തീര്‍ക്കാനാവില്ല
വില മതിക്കാത്ത സൌഹൃദത്തെ
ശിഷ്ട ജീവിതം കൊണ്ട് 
പകരം വെക്കാനാവില്ല
പെയ്തൊഴിയാത്ത പ്രണയത്തെ

രാവിന്റെ 
നിശാ വസ്ത്രത്തില്‍ ഒളിപ്പിക്കനാവില്ല
കുടമുല്ല പൂവിന്‍ 
സുഗന്ധത്തെ

കണ്ണാണ്
കണ്ണാടിയാണ്
കവിതയാണ് സാക്ഷി
കൈ കുമ്പിളില്‍ തന്നത്
ഹൃദയം തന്നെയാണ്

റിംഗ്ടോണ്‍

















റിംഗ് ടോണില്‍
ഒരു കുഞ്ഞിന്റെ കരച്ചില്‍
അതൊരു ആഫ്രിക്കന്‍ കുഞ്ഞ് ആണന്നു
സ്ക്രീനില്‍ തെളിയുമ്പോള്‍ മാത്രം
ഞാന്‍ അറിയുന്നു.

മെയില്‍ ബോക്സില്‍
വിവിധ രാജ്യക്കാരുടെ കരച്ചിലുകള്‍
വന്നു കിടപ്പുണ്ട്
കൂട്ട കരച്ചിലിന്റെ അലാറം,
നെടു വീര്‍പ്പുകളുടെ സന്ദേശം,
സൈലന്റിലാവുമ്പോള്‍
നാട് കടത്തപ്പെട്ടവരുടെ പിടച്ചില്‍,

എല്ലാ കരച്ചിലും
തൊണ്ട കീറി വരുന്നതാണന്ന
സാമാന്യ വിവരമല്ലാതെ
ദേശത്തെയും കാലത്തെയും
വേര്‍തിരിച്ചു എടുക്കാനുള്ള വൈദഗ്ധ്യം
എനിക്കില്ലാതെ പോയി.

പാലൈസുകാരന്‍



















ഈവഴി
പോകുമ്പോള്‍ 
കുഴലൂതരുതെന്നു 
പലതവണ പറഞ്ഞതല്ലേ..?
 

കുഞ്ഞുങ്ങള്‍
കരഞ്ഞു 
കൈനീട്ടുമ്പോള്‍ 
രണ്ടറ്റം മുട്ടാത്ത 

അമ്മമാര്‍ 
നിങ്ങളെ
പ്രാകിപോയന്നിരിക്കും.

കുഞ്ഞുങ്ങളെ 
കരയിക്കാന്‍ 
ആര്‍ക്കാണിഷ്ടം പെങ്ങളെ 
നിങ്ങളുടെ
കുട്ടികള്‍കരഞ്ഞങ്കിലല്ലേ 
എന്‍റെമക്കള്‍ 
കരയാതിരിക്കൂ.?