Monday, August 23, 2010

മറന്നുവെച്ചത്




















ഐസ് വണ്ടിക്കാരന്റെ
ഒരു ഹോണ്‍ മതി
മൈലാഞ്ചിച്ചെടികളതിരിട്ട 
വഴിയും കാലവും കടന്ന്
സ്കൂള്‍മുറ്റത്തെത്താന്‍.

പാലൈസ് പോലെ 
മോഹിപ്പിച്ചിട്ടുണ്ട്‌
കറുത്തുമെലിഞ്ഞ
കുഴലും ശബ്ദവും.
കള്ളനെപ്പോലെ കൈവിറച്ച് 
എത്രതവണ 
വട്ടമിട്ടിട്ടുണ്ട്
തുടുത്ത മുലയിലൊന്നമര്‍ത്താന്‍.

ചീനിച്ചോട്ടില്‍
മൊട്ടയടിച്ച്‌
ഉറുമാല് കെട്ടി
ഉടലില്ലാതെ നില്‍ക്കുന്നുണ്ടാവും
പഞ്ചാരപ്പാലുമിഠായി.

പത്തുപൈസക്കൊരു താമര
പതിനഞ്ചുപൈസക്കൊരു സൈക്കിള്‍
അല്ലെങ്കിലൊരു മയില്‍
കൊതിവെള്ളമിറക്കി 
അമ്പരന്നിട്ടുണ്ട് 
പാലുമിഠായിക്കാരന്‍
വിരലില്‍ തീര്‍ക്കുന്ന
കൌതുകങ്ങളില്‍ .

കടുംനിറത്തില്‍
ചാലിച്ച ബാല്യത്തില്‍
ഉഷ്ണിച്ചുനടക്കുന്നുണ്ട് 
ഒരു പഞ്ഞിമിഠായിക്കാരന്‍.

വളവുകളില്‍ മറന്നുവെച്ച
പഴയ ചിത്രങ്ങള്‍
കാറ്റെടുത്തിട്ടുണ്ടാവും.

എങ്കിലും 

തോളില്‍ തൂക്കിയിട്ട
കണ്ണാടിപ്പെട്ടിയില്‍
അടുക്കിവെച്ചിട്ടുണ്ടല്ലോ
ഏറെ കൊതിച്ച
മണവും രുചിയും.

1 comment:

  1. വായിച്ചു. മഴ പെയ്ത്‌ പൂപ്പല്‍ പറ്റിയ പഴയ മതിലില്‍ ഭാഗ്യപ്പുള്ളി ഇല്ലാത്ത നഖം കൊണ്ട് വെറുതെ ഒന്ന് കോറാന്‍ ഇടം തന്നു നീ.
    സ്നേഹം.
    എം. ഫൈസല്‍

    ReplyDelete