Wednesday, December 22, 2010

പരസ്പരം .

ചാഞ്ഞ്നിന്ന്
പുഴയോട്
ഇത്രയധികം പറയാനുണ്ടോ
തെങ്ങിന്.
കടം മുറുക്കിയ ഉടമസ്ഥനെ
പണ്ടേ മറന്നതല്ലേ.

കുളക്കടവില്‍
ഒളിഞ്ഞു നോക്കിയ
മീനുകളെ കുറിച്ചും
കൂടെ വരട്ടേയെന്നു
പുഴയോട് ഇടയ്ക്കിടെ ചോദിക്കുന്ന
പെണ്‍കുട്ടിയെയും കുറിച്ചാവുമോ.

അടുത്ത വേനല്‍
അതിജീവിക്കനാവില്ലന്ന
കാറ്റിന്‍റെ തിരിച്ചറിവാകുമോ.

രഹസ്യങ്ങളും
ഒളിപ്പിച്ച മാലിന്യങ്ങളും
 മുറിവുകള്‍ക്കിടയിലൂടെ
വെളി പ്പെടുമെന്ന ആധിയാവുമോ

Saturday, November 20, 2010

വായന

 
 
 
 വാക്കില്‍ നിന്നും
ശബ്ദത്തെ വേര്‍പ്പെടുത്തി
തച്ചുടച്ചു 
കടലില്‍ എറിഞ്ഞ താരാണ്‌.
ചിതയില്‍
ഒടുങ്ങാത്തവാക്കിനെ
വരികള്‍ക്കിടയില്‍
ഒളിപ്പിച്ചതാരാണ്.
വാക്കിന്‍റെ
വലുപ്പം
പെരുമയായ്
ആഘോഷിക്കുമ്പോള്‍
വിഷംകലര്‍ത്തി
അര്‍ത്ഥതലങ്ങളെ
പിഴപ്പിച്ചതാരാണ്
പ്രണയമൊരു
വാഗ്ദാനമാണന്നു
തിരുത്തി
വായിച്ചപ്പോള്‍
നാട്കടത്തപ്പെട്ട
വാക്കേതാണ്.
വീതിചെടുക്കുമ്പോള്‍
വീണുകിട്ടിയ
വാക്കും
പൂഴ്ത്തിവെച്ച
വാക്കുമേതാണ്‌.
പ്രണയാര്‍ദ്ര 
നിമിഷങ്ങളില്‍ 
പറയാന്‍ മറന്ന 
വാക്കേതാണ്.
വിക്കില്‍ 
മുറിഞ്ഞ്
ചോര പൊടിഞ്ഞ 
വാക്ക്
മൌനമായ്
വറ്റിതീരുമ്പോള്‍
ഇനി 
വായന
എങ്ങനെയാണ്. 
  
 

Thursday, November 18, 2010

നെഞ്ച്

 
 
വേരറുത്തു
വിരല്‍അറുത്തു
നെഞ്ചിലെതെമ്മാടികുഴിയില്‍
നിന്നെ ഞാന്‍മൂടി
നീ മുളപൊട്ടുംപച്ചയാണല്ലോ
നീപിടഞ്ഞിറങ്ങുംചുവപ്പാണല്ലോ
കറുപ്പില്‍
കാപട്യങ്ങളില്‍
കലാപങ്ങളില്‍
അമര്‍ത്തിവെച്ചതേങ്ങല്‍
കുഴിച്ചിട്ടതുംനെഞ്ചിലാണല്ലോ
ചൂഴ്ന്നടുത്തകണ്ണില്‍
കൊത്തിയെടുത്ത കാഴ്ച്ചയില്‍
പക്ഷി കുറുകുന്നു
ഇനിയോമൊരു കുഴിക്കിടമില്ല
ചുടലക്കാട്ടില്‍ചീര്‍ത്തുവീര്‍ത്തനൊമ്പരങ്ങള്‍
പേനകൊണ്ട്
ബ്രഷ്കൊണ്ട്
സ്നേഹംകൊണ്ട്
തഴുതിടാത്ത നെഞ്ചില്‍തൊടുമ്പോള്‍
വേനല്‍ മഴയുടെസംഗീതം.
മഴയില്‍നനയണം
മഴക്കൊപ്പംനടക്കണം
നടന്നടുക്കണം.
 
 
 
 
 
 
 
 
 

Wednesday, November 17, 2010

മഴ

 
 
 
ഉടയാടകള്‍ ഊരിയെറിഞ്ഞു
വീടിനുമുകളില്‍
മഴനൃത്തംചെയ്യുന്നുണ്ടാവാം.
ഓടു പൊട്ടി ഒലിച്ചിറങ്ങുന്ന വെള്ളം 
ചുമരില്‍ പുതിയചിത്രങ്ങള്‍
വരക്കുന്നുടാവാം.
മഴത്താളംവക്കുപൊട്ടിയ പാത്രത്തില്‍
നിറയുന്നുണ്ടാവാം.
മുണ്ഡനംചെയത കുറ്റിമുല്ലയെ
തൈമാവു  തണുത്ത വെള്ളത്തില്‍
കുളിപ്പിക്കുന്നുണ്ടാവാം.
മുടിഅഴിച്ചിട്ടു തെങ്ങും,കവുങ്ങും
കളം മായ്‌ക്കുന്നുണ്ടാവാം .
കൂടും,കൂട്ടും നഷപ്പെട്ടവരുടെ കരച്ചില്‍
തോടയിപ്പോയനടവഴിയിലൂടെ
ഒഴുകിപരക്കുണ്ടാവാം.
മുറ്റത്തു മുളച്ചചിറയില്‍
കടലാസ്തോണിയിറക്കാന്‍
മകള്‍ കൊതിക്കുന്നുണ്ടാവാം.
ഭൂമി ദാഹമകറ്റുന്നതും നോക്കി
ഭാര്യ നെടുവീര്‍പ്പിടുന്നുണ്ടാവാം
തേരട്ടയെപ്പോലെ ചുരുണ്ട്
ബീഡി പുകയില്‍  തണുപ്പാറ്റി
അച്ഛനെന്നെ പ്രാകുന്നുണ്ടാവാം
അമ്മ ഇപ്പോഴും മടുപ്പില്ലാതെ
എനിക്കായ് പ്രാര്‍ഥിക്കുന്നുണ്ടാവാം

Saturday, November 6, 2010

പരീക്ഷ


കലമാന്‍
പൊന്മാന്‍
പുള്ളിമാന്‍
കാഴ്ച ബാഗ്ലാവിന്നകത്തെ
തൊങലിട്ട വിവരണത്തിന്
പാസ്‌ മാര്‍ക്ക്‌
റഹ്മാന്‍
ഉസ്മാന്‍
സുലൈമാന്‍
ബന്ഗ്ലാവിന്നു പുറത്തെ
നിറമില്ലാത്ത ജീവിതത്തിനു
പകുതി മാര്‍ക്ക്‌
മാര്‍ക്ക്‌ ചെയ്യാതെ
മാര്‍ക്കറ്റ്‌ ചെയ്യാതെ
ഞാനും
കവിതയും

അലങ്കാരങ്ങള്‍

അലങ്കാര മത്സ്യങ്ങള്‍
പുഴയെപറ്റി കേട്ടിട്ടില്ല
ഇണചേരാനും
വിസ്സര്‍ജ്ജനത്തിനും
മറയില്ലാത്ത
പളുങ്ക്പാത്രജീവിതം .
അലങ്കാരമത്സ്യത്തെ
ആരുംതിന്നാറില്ലങ്കിലും
ഉറക്കമൊഴിച്ചു കാവലിരിക്കുന്ന 
പൂച്ചയില്‍ അവര്‍ക്കൊട്ടും
വിശ്വാസമില്ല .
പ്ലാസ്റ്റിക്‌ചട്ടിയില്‍
കര്‍മ്മംമറന്ന ബോധിവൃക്ഷം
ആകാശംകണ്ടിട്ടില്ല .
ഡൈ ചെയ്ത ഇലകള്‍
മഴ നനഞ്ഞിട്ടുമില്ല
ഭ്രാന്തമായ വേരോട്ടത്തില്‍
ജഡപിടിച്ചതും
വന്മരം
വെറുമൊരുചെടിയായ്
ലോപിക്കുന്നതും
നമുക്കേറെകൌതുകം
അനുബന്ധം
ചാലിയാറില്‍
മത്സ്യങ്ങള്‍കൂട്ടആത്മഹത്യചെയ്തത്
കടം കുമിഞ്ഞുകൂടിയത് കൊണ്ടല്ല
ഒടുവിലത്തെആഗ്രഹം
അല്പംശുദ്ധ ജലമയിരുന്നന്നു
ആതഹത്യാകുറിപ്പ്

Friday, November 5, 2010

ഇത് പൊതു വഴിയല്ല



തുന്നികെട്ടിയ
മതിലിന്റെ നെഞ്ചില്‍ എഴുതിവെച്ചിട്ട്ണ്ട്
ഇത് പൊതുവഴിയല്ല
അപ്പനപ്പൂപ്പന്മാര്‍ കടന്നു പോയ വഴി
ഇന്നലെവരെ ഞാനും നടന്ന വഴി
വീട്ടിലെക്കിനിയൊരുവഴിയില്ല
വെളി പറമ്പില്‍
കാറ്റിന്റെ വേഗം കടമെടുത്തു
മുളച്ചു പൊന്തുന്ന കെട്ടിട കൂട്ടങ്ങള്‍
അന്ത്യചുംബനത്തില്‍ അമര്‍ന്നു
മണ്ണുംമരവും
പുഴക്കടവില്‍ കുളി നിരോധിച്ചു
ഇനി മുങ്ങിക്കുളി
പഞ്ചനക്ഷത്ര ഹോടലിലാവാം

Thursday, November 4, 2010

ചുവപ്പ്

 
 
ചെത്തിക്കും,ചെമ്പരത്തിക്കുമിനി 
പുതിയനിറം സ്വീകരിക്കാം
ചുവപ്പൊരു കമ്പനി പാട്ടെന്റെടുത്തു
പണ്ടേ ചുവപ്പിന്‍ തിരയിളക്കം
അവരെ ഭയപ്പെടുത്തിയിരുന്നു
ഇപ്പോള്‍
നല്ല നാവുകള്‍ വിലക്കെടുക്കുന്നുണ്ട്.
നീ നിശബ്ദനാവുക 
മഹാ സൌഭാഗ്യങ്ങള്‍ നിന്നെ കാത്തിരിക്കുന്നു.
 കേരളത്തിന്‍റെ തക്കാളിക്കും
ബംഗാള്‍ മുളകിനും
തണ്ണിമത്തന്‍റെ രുചിയാണത്രെ
ഗുജറാത്തിലെ ഇറച്ചിവെട്ടുക്കാര്‍ പറയുന്നതും
ദില്ലിയിലെ ദല്ലാളന്മാര്‍ സാക്ഷ്യപ്പെടുതുന്നതും
പച്ച കുത്തിയ ഫാഷിസത്തെ കുറിച്ചാണ്.
നാവും ചുവപ്പും നഷ്ടപ്പെടുത്തുന്നകാലം.
ഒരു ചെങ്കൊടിയുടെ 
ചൂടും ചൂരും തണലുമിനിഎങ്ങിനെ 
ചുവന്ന സ്വപ്‌നങ്ങള്‍ കരിഞ്ഞിട്ടില്ലല്ലോ 
ചോരയോട്ടം നിലച്ചിട്ടില്ലല്ലോ.
 
 
 

Wednesday, October 13, 2010

വീട്

വാതില്‍ തുറക്കാനാവില്ല
പുറത്ത്
ഓര്‍മ്മ കാറ്റിന്‍റെ കൈക്കരുത്ത്
വാതില്‍ അടക്കാനുമാവില്ല 
അകത്ത്
മരണത്തിന്‍റെ മണം 
കിനാവള്ളിയില്‍
മുറിച്ചെടുത്ത നാവില്‍ 
പിടയുന്ന മൌനം.
മേല്‍ക്കൂര തുരന്ന്
സൂര്യന്‍റെ കണ്ണ് .
അസ്ഥി തുളച്ച്‌ 
നേരിന്‍റെ വേര് .
പൂതല്‍ പിടിച്ച മനസ്സില്‍ 
നോവിന്‍റെ ചിതല്‍ പുറ്റ്
വിഷം തീണ്ടിയ മേഘത്തിന്‍ ചിരിയില്‍ 
കീറിയിട്ട കടലാസ് കഷ്ണ മായ്‌
ഞാന്‍.  

Monday, September 20, 2010

സിഗ്നല്‍

 
 
ഒളിപ്പിച്ചുവെച്ചിട്ടുണ്ട്
കണ്ണിനകത്തുംചിലവഴികള്‍
വഴിയറിഞ്ഞിട്ടും
കാത്തുനിന്നിട്ടുണ്ട്
ചിലപ്പോള്‍
ചിലയിടങ്ങളില്‍ .
പച്ചയില്‍നിന്നും
ചുവപ്പിലേക്കുള്ള ദൂരം
മഞ്ഞളിച്ചഒരുമൌനമാണ് .
കിതച്ചുനിന്നും
പിന്നെപിടഞ്ഞുനര്‍ന്നും
മഴയിലേക്കോ
മരണത്തിലേക്കോ ,
 
 

Friday, September 17, 2010

വൃത്തം

















വൃത്തം വരക്കുമ്പോള്‍ സൂക്ഷിക്കണം
നമ്മള്‍ അതിനകത്തല്ലന്ന്
ഉറപ്പു വേണം.
വൃത്തം 
വാതിലുകള്‍ ഇല്ലാത്ത തടവറയാണ്.
ഇത് 
വരകള്‍ക്കും വരികള്‍ക്കുമിടയില്‍ 
കലാപമൊളിപ്പിച്ച കാലം.
വെറുതെ വൃത്തം വരക്കുന്നതില്‍ 
എന്തര്‍ത്ഥം
ചിത്രകാരനാണങ്കില്‍
ചരിത്രകാരനെങ്കില്‍ 
കുഴിച്ചെടുക്കാനും 
കുഴിച്ചു മൂടാനും 
ചിലത് കാണും .
എത്ര ചെറിയ  വൃത്തത്തിനുള്ളിലും 
ഒളിച്ചിരിക്കാന്‍ ഒരിടമുണ്ട്‌.
വട്ടംവരച്ച് വട്ടാവാതെ 
വട്ടത്തിലാവാതെ നോക്കണം 
നമ്മുടെ കുഞ്ഞുങ്ങള്‍
വൃത്തം വരച്ചു കളിക്കുമ്പോള്‍
ഓരോ തുരുത്തുകള്‍ തീര്‍ക്കുമ്പോള്‍
ഞാനുമൊരു വിഷമവൃത്തത്തില്‍
ആവുന്നല്ലോ ചങ്ങാതീ .

കാറ്റ്





















കാട്ടിനുള്ളില്‍ 
കുരുങ്ങിപ്പോയകാറ്റാവില്ല
വെളിച്ചത്തെ തല്ലിക്കെടുതിയതും 
താക്കോല്‍പഴുതിലൂടെ 
ചൂളംവിളിച്ചതും .
കണ്ണില്‍പൊടിയിട്ട്
വഴിയില്‍തള്ളിയിട്ടകാറ്റല്ല
ഞാവല്‍പഴംപറിച്ചുതന്നതും 
പൂമണംകട്ടെടുത്തതും .
മഴനഞ്ഞകാറ്റാവാനിടയില്ല
ദിക്കറിയാതെ 
പുഴയില്‍ചാടിയതും 
പുല്ലാങ്കുഴലില്‍ ഒളിച്ചതും 
മുറ്റത്തെ മുരിങ്ങക്കൊപ്പം 
മുറിഞ്ഞു വീണ കാറ്റല്ലല്ലോ 
കവിതക്കൊപ്പം കരക്കടിഞ്ഞതും 
പട്ടത്തിന്റെ ചരട് പൊട്ടിച്ചതും .
ഓര്‍മകളെ 
നാട് കടത്തിയ കാറ്റല്ല 
നമ്മുടെ പതാകയെ 
വാനോളമു യര്തിയതും 
നമ്മുടെസൌഹൃദങ്ങള്‍ക്കിടയില്‍ 
വീശി കൊണ്ടിരിക്കുന്നതും .

ഉത്തരാധുനികം

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ടൌണ്‍ഹാള്‍ .
ചിത്രപ്രദര്‍ശനം .
ഒരുബിന്ദുവിലൂടെഇഴയുന്നതിന്റെ 
പൊരുളെന്ത് 
തലങ്ങുംവിലങ്ങും 
പായുന്നരേഖകള്‍ 
പ്രശ്നവല്‍ക്കരിക്കപ്പെട്ടദാമ്പത്യമോ 
അഴിമതിയുടെവേരെങ്ങിനെ 
ശൂന്യാകാശംനോക്കി 
കണ്ണിലൊരുകടലെന്ന്പറയാന്‍ 
ഞാനൊരുകാമുകനല്ല .
താലിച്ചരടില്‍ 
ജീവിതം തീറെഴുതിവാങ്ങിയ 
ഭര്‍ത്താവുമല്ല .
തെരുവില്‍ 
ചിരിവറ്റിയചുണ്ടുകളും 
തുളവീണനെഞ്ചും 
അടഞ്ഞചെവിയും 
വില്പനയ്ക്ക് .
ചിത്രത്തില്‍
അടര്‍ന്നുനിന്ന നീര്‍കണം
തൊടുമ്പോള്‍ 
വിരലുംനെഞ്ചും പൊള്ളുന്നു.

കാഴ്ച

















പുലര്‍കാലയാത്രയില്‍ 
ചില്ലിട്ട ചിത്രങ്ങള്‍ .
ഉറക്കച്ചടവുള്ള തെരുവ്
എച്ചില്‍ തൊട്ടില്‍
നായ്ക്കള്‍ 
തടി മറന്നുറങ്ങുന്ന വൃദ്ധന്‍ 
ഒടുവിലത്തെ ഫ്രെയിമില്‍ 
ചാരുകസേരയില്‍ 
ഒടിഞ്ഞുമടങ്ങി ഒരാള്‍ .
ഇന്ന്
ഒഴിഞ്ഞ കസേര 
ഒറ്റഫ്രെയിമില്‍ ഒതുങ്ങാതെ 
നനയുന്ന കാഴ്ചയില്‍ 
കറുപ്പ് .

തനിച്ച്‌.



 
 
 
 
 
 
 
 
 
മുമ്പേനടന്നതും 
വളര്‍ന്നതും
മകനാണ്
കാവലിരുന്നതും
വരും വരായ്കകള്‍ 
ഗണിച്ചടുത്തതും
അച്ഛനാണ് 
 
വിധിയെ 
അര്‍ദ്ധവിശ്വാസങ്ങളില്‍ 
പൂട്ടിയിട്ടതും 
കൂട്ടിക്കുഴച്ചതും 
കൂടപ്പിറപ്പുകളാണ് 
നീ തനിച്ചല്ലന്നു 
പറഞ്ഞുകൊണ്ടിരുന്നതും 
കൂടെനടന്നിരുന്നതും 
കൂട്ടുകാരാണ് 
 
ആള്‍കൂട്ടത്തില്‍ 
ആരോരുമറിയാത്തൊരു 
തുരുത്തുണ്ടന്ന്‌  
കണ്ടത്തിയത് 
ഞാനാണ് .


നുണ

നട്ടാല്‍മുളക്കുന്നനുണകള്‍ക്ക് 
അസ്ഥിത്വമില്ലങ്കിലും
അതൊരുപ്രസ്ഥാനമാണ് 
 
നുണയൊരു പെണ്‍ചിലന്തിയാണ്‌ 
പാര്‍ശ്വഫലങ്ങളില്ലാത്ത 
ആറ്റികുറുക്കിയനുണകള്‍ക്ക് 
തെളിമയേറും 
 
നുണയൊരുകുറുക്കുവഴിയാണ് 
നുണനരകമാണ് 
ഇഹത്തിലും 
പരത്തിലും .

ചിലരങ്ങനെ ;ചിലരിങ്ങനെ




ചിലരങ്ങനെയാണ്   
സ്വപ്നങ്ങള്‍തിന്നുജീവിക്കും 
രസച്ചരട്ചിതലെടുക്കുമ്പോള്‍ 
ജീവിതം മതിയാക്കുകയുംചെയ്യും
 
ചിലരിങ്ങനെയാണ് 
ഒരു കവിത പോലെ 
സുന്ദരമായ്‌ നുണപറയും 
തോരാത്ത മഴപോലെ 
സംസാരിക്കുമെങ്കിലും 
എടുത്തുവെക്കാന്‍ 
ഒരു കണംപോലുമുണ്ടാവില്ല 
(ഹൃദയം പകുത്തുനല്‍കിയവരെ 
പറഞ്ഞുപറ്റിക്കാന്‍എളുപ്പമാണ് )
 
മറ്റ് ചിലരുണ്ട് 
ഭൂമിയെ വേദനിപ്പിക്കാതെനടക്കും 
ഒരു സ്നേഹസ്പര്‍ശത്തില്‍ പൂത്തുലയും 
പറയൂ ചങ്ങാതീ 
ഇതില്‍ ഞാനേത്കൂട്ടത്തിലാണ് .





മാവ്



 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭാഗത്തില്‍ 
എനിക്ക്തിരിഞ്ഞത് 
അമ്മയുടെഅസ്ഥിതറയും 
അച്ഛന്‍ തൂങ്ങിചത്തമാവും .
മാവ് 
പ്രതിയും,സാക്ഷിയുമാണ് .
നിരപരാധിയും .
നടുക്കങ്ങളില്‍ തളര്‍ന്നചില്ല 
പൂക്കാതെ തളിര്‍ക്കാതെ 
ആകാശംനോക്കിനിന്നു .
മാവിനും അസ്ഥിത്തറക്കും മദ്ധ്യേ 
ഒതുക്കിവെച്ച ജീവിതം
 
ഓട്ടകയ്യിലൂടെകണ്ടത് 
വറുതിയുടെകഞ്ഞിക്കലം 
ഒളിച്ചുകളിയില്‍ 
മണ്ണപ്പത്തിന്റെരുചിയില്‍ 
നമ്മളെപ്പോഴോതോഴരായി .
ഭീതിയില്‍ 
കൂടൊഴിഞ്ഞപക്ഷികള്‍ 
നമ്മെ അനാഥരാക്കി 
പട്ടടക്ക് വേണ്ടിഅമ്മൂമ 
മാവിനെഉഴിഞ്ഞുവെച്ചു
 
പ്രാത്ഥനകളിപ്പോള്‍ 
മാവിനും അമ്മൂമക്കും വേണ്ടിയാണ് .
അവകാശികള്‍ പെരുകുന്നു 
അനുജന് 
കാതല്‍കൊണ്ടൊരു 
കട്ടില്‍പണിയണം
മാവ് മുറിക്കുന്നതെങ്ങിനെ
അതിന്റെ തായ് വേര് 
എന്‍റെ നെഞ്ചിലാണല്ലോ .



Thursday, September 16, 2010

അല്ല


രാകി വെച്ചതല്ല 
ചതഞ്ഞ ജീവിതത്തില്‍ 
കൂര്‍ത്തുപോയതാണ്
സംശയത്തിന്റെ തീമുന .
തേഞ്ഞു പോയതല്ല 
അതിരുകള്‍ ഞെരുക്കിയ 
ഒരിടവഴിയുടെ തേങ്ങലില്‍
ഉടഞ്ഞു പോയതാണ് കാഴ്ച .
മൂടിവെച്ചതല്ല
വിശപ്പ് ‌ആറ്റിയെടുക്കുമ്പോള്‍ 
പകര്‍ന്നുനല്‍കാനാവാതെ 
അണഞ്ഞുപോയതാണ്പ്രണയം .
ബലികൊടുത്തതല്ല 
സമരായുധങ്ങള്‍ മാറിവരുമ്പോള്‍ 
സഹിഷ്ണുതയില്‍
‍നേര്‍ത്ത്പോയതാണ് 
പഴയ പാട്ടിന്റെ മുഴക്കം .

Wednesday, September 8, 2010

താക്കോല്‍ക്കൂട്ടം













സമാഹരിച്ചോ 
സംഹരിച്ചോ 
സ്വപ്നങ്ങളെ വാട്ടിയ 
വാഴയിലയില്‍പൊതിഞ്ഞെടുക്കാം
തീപിടിച്ച ചരിത്രത്തെ. 

ചുരണ്ടിഎറിഞ്ഞ്
ഗീബല്‍സിനെ തോല്‍പ്പിക്കാം 
നാം 
ഒരാള്‍ക്കൂട്ടം  മാത്രമായാല്‍ 
ഓര്‍മ്മകള്‍ 
പേറേണ്ടതില്ലന്നു  ഉറപ്പിച്ചാല്‍ 
സ്വസ്ഥമായോരിടംതരപ്പെടുത്താം 

ഇനിയൊട്ടും ആശങ്കയില്ലാതെ 
കൈകോര്‍ത്ത്‌ 
വലത്തോട്ട് തലചായ്ച്ചു 
ആ താക്കോല്‍ക്കൂട്ടം 
തന്നെ സ്വന്തമാക്കാം 

മൌനവും നെല്ലിക്കയും










മൌനമൊരു ഭാഷയാണ് 
ചിന്തിക്കുന്നതും 
പ്രാര്‍ഥിക്കുന്നതും 
സ്വപ്നം കാണുന്നതും 
മൌനത്തില്‍ മുങ്ങി കിടന്നാണല്ലോ

മൌനത്തിന്റെ വ്യാകരണം പഠിക്കവെ
പ്രണയമെന്നില്‍ പൂത്തു
ഒരു നെല്ലിക്കയും 
മധുരമുള്ള ഒരുപുഞ്ചിരിയും 
സമ്മാനംകിട്ടി 

പ്രണയത്തിനു എപ്പോഴും
നെല്ലിക്കയുടെ രുചിഭേദങ്ങള്‍ ആണ് 
പ്രണയവും പുഞ്ചിരിയും 
മൌനത്തില്‍ കുഴിച്ചിട്ടു 
ഞാന്‍ നെല്ലിക്കയുടെ ജനിതകം തേടി 
കാല്പനികനായി 

എന്റെ മൌനത്തെ നിങ്ങള്‍ 
വ്യഖ്യാനിചെടുത്തു                                      
ഒടുവില്‍ എനിക്കായ് 
ഒരു നെല്ലിക്കത്തളം
തീര്‍ത്തു 

അറിവ് .
















ഉടല്‍ പിറന്നോനെ 
വിരല്‍ അറ്റുപോയാല്‍
ആ തങ്കമോതിരം എനിക്ക് തരണേ
തീപെട്ട് പോയാല്‍  
ആ കണ്ണ് എനിക്ക് തരണേ 
കൈകുമ്പിളില്‍ ഹൃദയം വെച്ച് തരണേ 

ഈ കണ്ണ് നിനക്ക് ചേരില്ല പെങ്ങളെ 
മൂന്നാം കണ്ണ് നിനക്ക് എന്തിനു പെങ്ങളെ 

ഞാനൊരു ആകാശം ചോദിച്ചില്ലല്ലോ 
ഞാനൊരു കടല്‍ മോഹിചില്ലല്ലോ 
ചുടു ചോരതന്‍ രുചി 
പെരുവിരല്‍ മുറിച്ചു ഞാനറിഞ്ഞു 
മനുഷ്യ മാംസത്തിന്റെ 
കൊതിയൂറുംസ്വാദു 
എനിക്കറിയില്ല എന്റെ ആങ്ങളെ 

കാണാത്ത സത്യത്തെ 
തിരയുക പെങ്ങളെ 
തിരകളില്‍ 
തീരാകടങ്ങളില്‍ 
തീതിന്ന അമ്മയുടെ 
മകനാണ് ഞാന്‍ 

അമ്മ ഉറങ്ങാത്ത അച്ഛന്റെ വീട്ടില്‍ 
അച്ഛനെകൊന്ന 
ഒരച്ഛന്റെ മകനാണ് ഞാന്‍ .

എഴുത്ത്
















കവിതയൂരുമ്പോള്‍
കൈയെത്തും ദൂരത്തൊരു 
പേനയുണ്ടാവില്ല 
യാത്രയില്‍ ,
ഉറക്കത്തില്‍, 
കുളക്കടവില്‍ 
ഉര്‍ന്നുപോയ കവിതകള്‍ എത്ര
 
തനിച്ചിരുന്നും
കാഴ്ച തലതിരിച്ചും 
ഓര്‍മയെ ഇഴപിരിച്ചും 
ഗൃഹപാഠം ചെയ്തിട്ടു എന്തായി 

കൊടുംകാറ്റിനെ അതിജീവിച്ച 
പുല്കൊടിയെ പറ്റി കേട്ടിട്ടുണ്ട് 
കൊഴിഞ്ഞ ഒരില കട്ട്ഉറുമ്പിനെ 
രക്ഷിക്കുന്നത് കണ്ടിട്ടുമുണ്ട് 

വീണു പോയ കവിതകളും 
വീണ്ടെടുക്കാനാവാത്ത പ്രണയവും 
രണ്ടുതുള്ളി കണ്ണുനീരായ് 
കൂടെയുണ്ട് .

സാക്ഷി





















ഒറ്റവരിയില്‍ 
കോര്‍ത്ത്‌എടുക്കാനാവില്ല 
ഉഷ്മളമായ ഓര്‍മകളെ 
ഒറ്റ ഫ്രൈമില്‍ ഒതുക്കാനാവില്ല 
ഊഷരമായൊരു ജീവിതത്തെ 
ഒറ്റവീര്‍പ്പില്‍ 
പറഞ്ഞു തീര്‍ക്കാനാവില്ല 
വില മതിക്കാത്ത സൌഹൃദത്തെ

ശിഷ്ട്ട ജീവിതം കൊണ്ട് 
പകരം വെക്കാനാവില്ല 
പൈതോഴിയാത്ത പ്രണയത്തെ 
രാവിന്റെ നിശാവസ്ത്രത്തില്‍
ഒളിപ്പിക്കനാവില്ല 
കുടമുല്ലപ്പുവിന്‍ സുഗന്ധത്തെ
 
കണ്ണാണ്
കണ്ണാടിയാണ് 
കവിതയാണ് സാക്ഷി 
കൈകുമ്പിളില്‍ തന്നത് 
ഹൃദയംതന്നെ യാണ് .

ഓര്‍ക്കാതെ പോകുന്നത്





















കാല്‍ കഴുകിപ്പോയ തിരകള്‍ 
സൌമ്യമായി പറഞ്ഞത് 
തലതെറിച്ച തെങ്ങിനോട് 
തണല്‍ വിരിക്കാന്‍ പറയുന്ന 
ക്രൂരതയെ പറ്റിയാണ് 

വാക്കുകള്‍ക്കിടയില്‍ കാക്കേണ്ട 
ദൂരത്തെ പറ്റിപറയുമ്പോള്‍ 
കാഴ്ചയില്‍ പടര്‍ന്നത് 
കണ്മഷിയുടെ കറുപ്പല്ല 

മാറാല നീക്കുമ്പോള്‍ 
ചിലന്തിയുടെ വിശപ്പിനെ ,
അധ്വാനത്തെ നാം ഓര്‍ക്കാറില്ല 

രാഷ്ട്രീയ ക്കാരോട് ഉപമിച്ചു 
ഓന്തിനെ പരിഹസിക്കരുത് 
നിറമാറ്റം പ്രതി രോധവും 
ജീവിത സമരവുമാണ് 

Tuesday, September 7, 2010

കത്ത്












അകത്ത്
നാടിന്റെനിറം 
വിയര്‍പ്പിന്റെമണം
കനവിന്റെഭാരം 

കത്ത് 
സ്വകാര്യതയുടെചില്ല്ജാലകം 
നഗ്നഹൃദയത്തിന്റെ 
പരിചേദം 

പുറത്ത്
പ്രിയപ്പെട്ടവരുടെഅധരമുദ്ര 
ഉമിനീര്‍സുഗന്ധം
 
കത്ത്തുറക്കുമ്പോള്‍സുക്ഷിക്കണേ 
അക്ഷരങ്ങള്‍മുറിഞ്ഞു 
ചോരപോടിഞ്ഞങ്കിലോ 
വീര്‍പ്പുമുട്ടുന്ന വാക്കുകള്‍ 
നില വിളിച്ചങ്കിലോ

വര













മറയില്ലാതെ 
മറികടക്കാനാവാതെ
കാലംകുറുകെവരച്ച 
നേരിന്റെനേര്‍രേഖ 

സ്കൂളില്‍ 
ചുവന്നവരയില്‍ 
നിലച്ചപാഠങ്ങള്‍
കൈരേഖയില്‍ 
തെളിയുന്നഅര്‍ത്ഥശൂന്യത 

കൈവശരേഖയില്‍ 
ദാരിദ്രം .
തലവരയില്‍ 
നിര്‍ഭാഗ്യജാതകം 

ഭക്തിയുടെ 
ആസക്തിയുടെ 
നേര്‍ത്തവരയില്‍ 
നിരര്‍ത്ഥകജീവിതം 

ചെറിയ കാര്യങ്ങള്‍ സംസാരിക്കരുത്












ഒരു കിണര്‍ വറ്റിപ്പോയത് 
വലിയ കാര്യമല്ല 
ഒരു കടലാണ് ഇല്ലാതെയായത്‌ .
ഒരു വീട് തകര്‍ന്നത് 
അതിശയമല്ല 
ഒരുനാടാണ് കടലെടുത്തത് 

പെണ്‍കുട്ടികളെ കാണാതാവുന്നത് ,
അനാഥ ശവങ്ങള്‍ അടിയുന്നത് ,
അത്മഹത്യ പെരുകുന്നത് 
ഒന്നും പുതിയ കാര്യമല്ല 

വെള്ളം ചോര്‍ത്തി 
കുപ്പിയിലാക്കി വില്‍ക്കുന്നത് 
നിങ്ങളും കാണുന്നുണ്ടല്ലോ 

സ്നേഹിതാ 
നിഘണ്ടു നോക്കി സംസാരിക്കരുത് 
വിലക്ക് വാങ്ങാന്‍ കഴിയാത്തത് ഒന്നുമില്ല 
വിശ്വാസം മുതല്‍ സമരം വരെ 

നഷ്ട്ടപ്പെട്ട സ്വസ്ഥതയും 
വരണ്ടുപോയചിരിയും 
ബാക്കിയായ സ്വപ്നങ്ങളും 

വീണ്ടെടുപ്പിന്റെ സമരം 
എവിടെ നിന്നാണ്  നാം തുടങ്ങേണ്ടത് .